വെട്ടിയ ‘എംപുരാന്‍’ വൈകും; പുതിയ പതിപ്പ് ബുധനാഴ്ചയ്ക്കു ശേഷം തിയറ്ററുകളില്‍
കൊച്ചി: വിവാദങ്ങളും സംഘപരിവാര്‍ ബഹിഷ്‌കരണ ആഹ്വാനവും തുടര്‍ന്നെത്തിയ തിരുത്തലുകള്‍ക്ക് ശേഷം എഡിറ്റ് ചെയ്ത ‘എംപുരാന്‍’ തീയറ്ററുകളില്‍ എത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. സാങ്കേതിക കാരണങ്ങളാല്‍ പുതിയ പതിപ്പ് ബുധനാഴ്ചയോ വ്യാഴാഴ്ചയോ മാത്രമേ തീയറ്ററുകളില്‍ എത്തുകയുള്ളൂ. മുന്‍പ് പുതിയ പതിപ്പ് തിങ്കളാഴ്ച എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എഡിറ്റുചെയ്ത രംഗങ്ങള്‍ നീക്കം ചെയ്യുമെന്ന് മോഹന്‍ലാല്‍ നേരത്തെ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം എഡിറ്റിങ് വേഗത്തിലാക്കി, സെന്‍സര്‍ ബോര്‍ഡും അവധി ദിനത്തിലും യോഗം ചേര്‍ന്നു. അതേസമയം, എഡിറ്റ് ചെയ്യാത്ത പതിപ്പ് ഇതിനോടകം വിദേശത്ത് 90 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ പിന്നിട്ടു. ഒരു കോടി ഡോളറിന്റെ കളക്ഷന്‍ സിനിമ സ്വന്തമാക്കിയതായി മോഹന്‍ലാല്‍ തന്നെ അറിയിച്ചിട്ടുമുണ്ട്. ചിത്രം റിലീസ് ചെയ്ത ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ 5 ദശലക്ഷം ഡോളര്‍ കളക്ഷന്‍ പിന്നിട്ടിരുന്നു.